കൊച്ചി മെട്രോ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

കൊച്ചി മെട്രോ സര്‍വീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്യും.

ഇന്ന് ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെടും. ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങിയതെന്നാണ് മന്ത്രി പി രാജീവ് അറിയിച്ചത്.

Top