കൊച്ചി മെട്രോ ട്രെയിന്‍ സമയ ക്രമങ്ങളില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സമയ ക്രമങ്ങളില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം വരുന്നു. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ ഇടവേളയുടെ ദൈര്‍ഘ്യം കുറക്കാനാണ് തീരുമാനം. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായാണ് പുതിയ തീരുമാനമെന്ന് കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള ഏഴ് മിനിറ്റാണ്. ഇത് ആറ് മിനിറ്റാക്കിയാണ് കുറക്കുന്നത്.

രാവിലെ ഒന്‍പത് മണിയ്ക്കും പത്ത് മണിയ്ക്കും ഇടയിലും വൈകിട്ട് നാല് മണിയ്ക്കും ഏഴ് മണിയ്ക്കും ഇടയിലുമുള്ള ട്രെയിനുകളുടെ ഇടവേളയാണ് കുറക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

കൊച്ചി നഗരത്തില്‍ ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട ഇക്കഴിഞ്ഞ 21 ന് 75,274 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഒപ്പം ഐഎസ്എല്‍ മത്സരങ്ങളുള്ള ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായതായും മെട്രോ അറിയിച്ചു.

Top