Kochi Metro to be Extended by 11 km

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡിഎംആര്‍സിയും കെഎംആര്‍എല്ലും അറിയിച്ചു. ആലുവ മുട്ടംയാര്‍ഡിലെ ട്രാക്കില്‍ ഇന്ന് പുലര്‍ച്ചെയാണ് പരീക്ഷണയോട്ടം നടത്തിയത്. സാങ്കേതിക നടപടിക്രമങ്ങള്‍ ഇന്നലെ രാത്രിയാണ് പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷമാണ് ഇന്ന് പുലര്‍ച്ചെ പരീക്ഷണയോട്ടം നടത്തിയത്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. ഇന്നും നാളെയും പരീക്ഷണ ഓട്ടം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 23ന് ടെസ്റ്റ് റണ്ണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തും.

ആറ് മാസമെങ്കിലും പരീക്ഷണ ഓട്ടം നടത്തിയാല്‍ മാത്രമേ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുകയുള്ളൂ. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മെട്രോയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് ആരംഭിക്കാവുന്നതാണ്. അടുത്ത ഓണത്തിന് മുമ്പ് സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൈലറ്റില്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകല്‍പന ചെയ്തിരിക്കുന്നതെങ്കിലും പൈലറ്റിനെ വച്ചായിരിക്കും ടെസ്റ്റ് റണ്‍ നടത്തുക. മണിക്കൂറില്‍ 5 കിലോമീറ്റര്‍ വേഗതയില്‍ 9000 മീറ്റര്‍ ട്രാക്കിലായിരിക്കും ടെസ്റ്റ് റണ്‍ നടത്തുക. കോച്ചുകളിലെ ഗ്രാഫിക്‌സുകളും മറ്റും പൂര്‍ത്തിയായ പൂര്‍ണ്ണസജ്ജമായ മെട്രോ െട്രയിനിന്റെ ആദ്യരൂപവും 23ന് പുറത്തുവരും.

അതിനിടെ, കൊച്ചി മെട്രോ 11 കിലോമീറ്റര്‍ കൂടി ദീര്‍ഘിപ്പിക്കാന്‍ 2024 കോടി രൂപയുടെ പദ്ധതി. ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട് വരെയുള്ള പുതിയ മെട്രോ ലൈന്‍ പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി പ്രതീക്ഷിച്ചു മുന്നൊരുക്ക ജോലികള്‍ക്കായി 189 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു

Top