കൊച്ചി മെട്രോ പത്തടിപ്പാലത്തെ തൂണിന്‍റെ ബലക്ഷയം പരിഹരിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ആം നമ്പർ തൂണിലെ ബലക്ഷയം പരിഹരിച്ചു. നാല് പൈലുകൾ അധികമായി സ്ഥാപിച്ച് തൂൺ ബലപ്പെടുത്തിയത്. പൈല്‍ ക്യാപ് മുഖേന ബന്ധിപ്പിച്ച് തൂണിന്‍റെ അടിത്തറ ശക്തിപ്പെടുത്തി. ഇതോടെ നാല് മാസമായി തുടർന്ന മെട്രോ സർവീസിനുള്ള നിയന്ത്രണം പിൻവലിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പത്തടിപ്പാലത്തെ മെട്രോ ട്രാക്കിന്‍റെ അലൈൻമെന്‍റിൽ അകൽച്ച കണ്ടെത്തുന്നത്. നാല് മാസ് മുമ്പ് ബലക്ഷയം കണ്ടെത്തിയതിന് പിന്നാലെ തൂണിന് മുകളിലൂടെയുള്ള മെട്രോ സർവീസ് 20 മിനിറ്റ് ഇടവിട്ടാക്കി നിയന്ത്രിച്ചിരുന്നു

ബലപ്പെടുത്തിയ തൂണിന് മുകളിലൂടെ ഇനി ഏഴര മിനിറ്റ് ഇടവേളയിൽ മെട്രോ ട്രെയിനുകള്‍ കടന്ന് പോകും. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിംഗിലൂടെ ട്രെയിൻ യാത്ര പരിശോധനയും വേഗ പരിശോധനയും നടത്തി സുരക്ഷ ഉറപ്പാക്കി. ഇതോടെയാണ് സർവീസ് നിയന്ത്രണം പിൻവലിക്കാൻ തീരുമാനമായത്.

ഫെബ്രുവരിയിൽ നടന്ന പരിശോധനയിൽ ബലക്ഷയമാണ് പ്രശ്നമെന്ന് വ്യക്തമായി. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിരുന്നില്ല. പൈലിംഗും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്ന് ജിയോ ടെക്നിക്കൽ പഠനത്തിൽ കണ്ടെത്തി. തുടർന്ന് ഡിഎംആർസി, എൽആൻഡ്ടി, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പണികൾക്കൊടുവിലാണ് ബലക്ഷയം പരിഹരിച്ചത്.

Top