കൊച്ചി മെട്രോ രണ്ടാം ഘട്ടം: 6 വർഷം വൈകി; സർക്കാരിന് നഷ്ടം 102 കോടി!

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള സ്ഥലമേറ്റെടുപ്പ് 6 വർഷമായി മുടങ്ങിക്കിടക്കുന്നതിനു സർക്കാർ നൽകേണ്ടി വരുന്ന വില 102 കോടി രൂപ. രണ്ടാം ഘട്ടമായി നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ഇൻഫോപാർ‌ക്ക് വഴി കാക്കനാട് വരെ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 2016 ഫെബ്രുവരിയിൽ 189 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിരുന്നു. ഇതിൽ ഭൂമി ഏറ്റെടുക്കലിന് മാത്രം 135 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. ബാക്കി തുക കെഎസ്ഇബി, ജല അതോറിറ്റി, ബിഎസ്എൻഎൽ എന്നിവയുടെ കണക്‌ഷനുകൾ മാറ്റിസ്ഥാപിക്കാനായിരുന്നു.

മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഗതാഗത വകുപ്പ് പുറത്തിറക്കിയ പുതുക്കിയ ഭരണാനുമതിയിലാണ് കാലതാമസത്തിനു കൊടുക്കേണ്ടി വരുന്ന വില വ്യക്തമാക്കിയിരിക്കുന്നത്. 6 വർഷത്തിനിടെ ഭൂമി വില കുതിച്ചുയർന്നു. ഇതു കണക്കിലെടുത്ത് ഭരണാനുമതി 189 കോടിയിൽ‌ നിന്ന് 332 കോടി രൂപയാക്കി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിനു കത്തെഴുതി. എന്നാൽ, ഭൂമി ഏറ്റെടുക്കാനും മറ്റുമായി 332 കോടി വേണ്ടിവരില്ലെന്നായിരുന്നു കലക്ടറുടെ റിപ്പോർട്ട്. പാലാരിവട്ടം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ ഇടപ്പള്ളി സൗത്ത്, വാഴക്കാല, കണയന്നൂർ താലൂക്കിലെ കാക്കനാട് എന്നിവിടങ്ങളിലെ സർവേ നമ്പറുകളിലായി 2.86 ഹെക്ടർ‌ ഭൂമി ഏറ്റെടുക്കാൻ 2017 ജൂണിൽ സർക്കാർ ഉത്തരവിറക്കി. പിന്നീട് കാര്യമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

Top