കൊച്ചി മെട്രോ ഫേസ് 2 വിലുള്ള മൂന്ന് സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി മെട്രോ ഫേസ് 2 വിലുള്ള മൂന്ന് സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനൊപ്പം തന്നെ കാക്കനാട് സ്‌പെഷ്യല്‍ എക്കണോമിക് സോണിന് സമീപം വരുന്ന മെട്രോ സ്റ്റേഷന്റെ എന്‍ട്രി, എക്‌സിറ്റ് നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇവയുടെ പൈലിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെയാണ് ആരംഭിച്ചത്.

രണ്ടാം ഘട്ടതിന്റെ നിര്‍മ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മൂന്ന് മെട്രോ സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ കൂടിയാണ് ഇപ്പോള്‍ ക്ഷണിച്ചത്. കിന്‍ഫ്ര പാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് , ചിറ്റേത്തുകര എന്നീ സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെയും ഇ-ടെന്‍ഡര്‍ കേരളയുടെയും വെബ്‌സൈറ്റുകള്‍ വഴി ടെന്‍ഡറില്‍ പങ്കെടുക്കാം. സെപ്റ്റംബര്‍ പകുതിയോടുകൂടി കരാര്‍ കമ്പനിയെ തെരഞ്ഞെടുത്ത് നിര്‍മ്മാണം ഏല്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പ്രോജക്ടസ് വിഭാഗം ഡയറക്ടര്‍ ഡോ. എം പി രാംനവാസ് അറിയിച്ചു.

രണ്ടാം ഘട്ടതിന്റെ പ്രരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം മുതല്‍ കുന്നുംപുറം വരെയുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജെ എല്‍ എന്‍ മുതല്‍ പാലാരിവട്ടം വരെ 90 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. അടുത്ത മാസം അവസാനത്തോടെ ഈ മേഖലയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കെ എം ആര്‍ എല്‍ പ്രതീക്ഷിക്കുന്നത്.

Top