സെല്‍ഫി എടുക്കാന്‍ ആളുകൂടി; മെട്രോമിക്കിയെ ആശുപത്രിയില്‍ നിന്ന് മാറ്റി

കൊച്ചി: ഇപ്പോള്‍ സോഷ്യമീഡിയയില്‍ അടക്കം താരമായി മാറിയിരിക്കുന്നത് ഒരു പൂച്ചകുട്ടിയാണ്. മെട്രോ പില്ലറില്‍ കുടുങ്ങി ഫയര്‍ഫോഴ്സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കിയെന്ന പൂച്ച കുട്ടിയാണ് ആ താരം. പനമ്പള്ളി നഗറിലെ മൃഗാശുപത്രിയില്‍ കഴിയുന്ന മിക്കിയെ കാണാനും സെല്‍ഫി എടുക്കാനുമായി നിരവധി മൃഗ സ്‌നേഹികളാണ് ദിനംപ്രതി ആശുപത്രിയില്‍ എത്തുന്നത്.

സെല്‍ഫിയെടുക്കാനായി ആളുകള്‍ കൂടിയതിനാന്‍ മെട്രോ മിക്കിയെ ആശുപത്രിയില്‍ നിന്ന് മാറ്റി. ഇപ്പോള്‍ എസ്.പി.സി.എ.യുടെ സംരക്ഷണയിലാണ് പൂച്ചക്കുഞ്ഞ്.

ആളുകള്‍ കൂടിയത് പൂച്ചക്കുഞ്ഞിനെ പേടിപ്പെടുത്തുകയും ഭക്ഷണം കഴിക്കാതെയാക്കുകയും ചെയ്തു. ആളുകളെ കണ്ട് പേടിക്കുന്നത് തടയാനാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്. ബുധനാഴ്ച പുതിയ സ്ഥലത്തെത്തിയ പൂച്ചക്കുഞ്ഞ് ആഹാരം കഴിച്ചു തുടങ്ങി.

ദത്തു നല്‍കലില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകും. സ്വന്തമായി വീടുള്ള, പൂച്ചയെ വളര്‍ത്തി ശീലമുള്ളവര്‍ക്കാകും നല്‍കുക. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും സമ്മതമുണ്ടാകണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ പില്ലറിലാണ് മെട്രോ മിക്കി കുരുങ്ങി കിടന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മെട്രോ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയര്‍ഫോഴ്സും മൃഗസ്നേഹികളും ചേര്‍ന്ന് താഴെയിറക്കിയത്. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് പൂച്ചയെങ്ങനെയാണ് മെട്രോ സ്റ്റേഷനിലെത്തിയെന്ന് ആര്‍ക്കും ഇപ്പോഴുമറിയില്ല. ആരെങ്കിലും ഉപേക്ഷിച്ചതാകാം എന്നാണ് അനുമാനം

Top