മെട്രോയിലെ ചോര്‍ച്ച; വീഡിയോ വ്യാജമെന്ന് കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ കോച്ചില്‍ ചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കെഎംആര്‍എല്‍.

മേല്‍ക്കൂരയില്‍നിന്നു ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും കോച്ചിന്റെ പുറത്തുസ്ഥാപിച്ചിരിക്കുന്ന എസിയുടെ ഭാഗത്തുനിന്നു പുറത്തുവന്ന വെള്ളം ഉള്ളിലേക്കു വീഴുകയാണുണ്ടായതെന്നും കെഎംആര്‍എല്‍ പ്രസ്താവനയില്‍ അറിയിച്ചു. തകരാര്‍ ഉടന്‍തന്നെ പരിഹരിച്ചതായും കെഎംആര്‍എല്‍ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ കോച്ചില്‍ മഴയെ തുടര്‍ന്ന് ചോര്‍ച്ച സംഭവിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കെഎംആര്‍എല്‍ രംഗത്തെത്തിയത്.

വെള്ളിയാഴ്ച മെട്രോക്കുള്ളിലേക്ക് മുകളില്‍നിന്ന് വെള്ളം ചോര്‍ന്നത് ആശങ്ക പരത്തി. മഴ വെള്ളം മെട്രോക്ക് ഉള്ളിലേക്ക് വീണതാണെന്നാണ് യാത്രക്കാര്‍ കരുതിയത്. തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്നവരാണ് മൊബൈലിലാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

കോടികള്‍ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിച്ച കൊച്ചി മെട്രോയും ചോരുന്നു എന്ന കുറിപ്പോടെ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം പ്രചരിച്ചു.

ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ട്രെയിനില്‍ അധികൃതര്‍ പരിശോധന നടത്തുകയും വിശദീകരണവുമായി രംഗത്തെത്തുകയുമായിരുന്നു.

Top