ഗാന്ധി ജയന്തി ദിനത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി കൊച്ചി മെട്രോ

കൊച്ചി: ഗാന്ധി ജയന്തി ദിനത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. 20 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധിജയന്തി ദിനത്തില്‍ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. പേപ്പര്‍ ക്യൂ ആര്‍, മൊബൈല്‍ ക്യൂ ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയില്‍ ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ അന്നേ ദിവസം മറ്റ് ഓഫറുകള്‍ ലഭ്യമായിരിക്കില്ല.

കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനില്‍ കൊച്ചി മെട്രോയും പങ്കാളികളാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റെയും പരിസരങ്ങള്‍ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കും.

സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണില്‍ 59894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറില്‍ എണ്ണം 52254 ആയി ഉയര്‍ന്നു. 2018ല്‍ യാത്രക്കാരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് മുകളില്‍ പോയില്ല. എന്നാല്‍ 2019 ഒക്ടോബറിനും ഡിസംബറിനുമിടയില്‍ അറുപതിനായിരത്തിലധികം പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു.

2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയര്‍ന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന ഫെയര്‍ ബോക്‌സ് വരുമാനം ഉയരുന്നതിനും സഹായകരമായി. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയര്‍ ബോക്‌സ് വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 75.49 കോടി രൂപയിലേക്കുയര്‍ന്നു. 2020-21 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 485 ശതമാനം വര്‍ദ്ധനവാണിത്. നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനത്തിനും മികച്ച വളര്‍ച്ചയാണുണ്ടായത്.

Top