പ്രളയം; കേരളത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കെഎംആര്‍എല്‍ എംഡി

Kerala Police-flood

കൊച്ചി: പ്രളയത്തെ തുടർന്ന് ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങ് ഒരുക്കാൻ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ്. മെട്രോ ജീവനക്കാരും സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിനായി ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഗവര്‍ണര്‍ പി സദാശിവവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു തന്നെ പണം കൈമാറുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും ഗവര്‍ണര്‍ അറിയിച്ചു. പ്രളയം സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

പ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിസ്ഥിതിയ്ക്ക് പ്രധാന്യം നല്‍കുന്ന നയങ്ങളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചത്.

നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്നും മലയാളികള്‍ ഒരുമാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം കരകയറുമെന്നും തുക പലഗഡുക്കളായി നല്‍കിയാല്‍ മതിയെന്നും പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ടാകുമെന്നും എല്ലാവരുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിലെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ദുരിതബാധിതരെ സഹായിക്കേണ്ട എല്ലാ നടപടികളും സഹായങ്ങളും സ്വീകരിക്കുമെന്നും നിലവിലെ ആശയക്കുഴപ്പങ്ങള്‍ മാറുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top