മെട്രോ നിരക്ക്‌ സാധാരണക്കാര്‍ക്ക് പ്രാപ്യമല്ല; പുന:പരിശോധിക്കുമെന്ന് ഏലിയാസ് ജോര്‍ജ്

കൊച്ചി: കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ പുന: പരിശോധിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്.

മെട്രോ നിരക്കുകള്‍ സാധാരണക്കാര്‍ക്ക് ഉതകുന്നതല്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആലുവ മുതല്‍ ഇടപ്പള്ളി, പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ 40 രൂപയാണ് നിരക്ക്. പത്തിന്റെ ഗുണിതങ്ങളായാണ് ടിക്കറ്റ് നിരക്കുകള്‍ വരിക. 10 രൂപയാണ് മിനിമം ചാര്‍ജ്.

മഹാരാജാസ് കോളേജ് ഗ്രൗണ്ട് സ്റ്റേഷന്‍ വരെ ഓടിത്തുടങ്ങുമ്പോള്‍ നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന സൂചനയാണ് ഏലിയാസ് ജോര്‍ജ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

പുതിയ മെട്രോ നയം അടുത്ത മാസം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെ അതിന് അനുമതി ലഭിച്ചാലുടന്‍ കാക്കനാടേക്കുള്ള മെട്രോ നിര്‍മാണം ആരംഭിക്കുമെന്നും കൊച്ചി മെട്രോ എംഡി വ്യക്തമാക്കി.

ജലമെട്രോയ്ക്കായി വേമ്പനാട്ട് കായല്‍ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ തൂണുകളിലെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ വ്യാപകമാക്കാന്‍ പദ്ധതിയുണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

Top