പുതുവത്സര ദിനത്തില്‍ സര്‍വീസ് നീട്ടി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സുഗമമായ യാത്രയൊരുക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോയും. കൊച്ചി മെട്രോ സര്‍വ്വീസ് ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 1 മണി വരെ തുടരും. ഡിസംബര്‍ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ്.

പുലര്‍ച്ചെ 1 മണിക്കാകും ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്. ഗതാഗതക്കുരുക്കില്‍പ്പെടാതെ പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങള്‍ക്ക് കൊച്ചി മെട്രോ സര്‍വ്വീസ് സഹായകരമാകും.

വാട്ടര്‍ മെട്രോ സര്‍വ്വീസ് ജനുവരി ഒന്നിന് പുലര്‍ച്ചെ 5 മണി വരെ

നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സുഗമമായ യാത്രയൊരുക്കാന്‍ ഒരുങ്ങി വാട്ടര്‍ മെട്രോയും. കൊച്ചി വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍ റൂട്ടിലെ സര്‍വ്വീസ് ജനുവരി ഒന്നിന് പുലര്‍ച്ചെ 5 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് രാത്രി 9 മണി വരെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – വൈപ്പിന്‍ റൂട്ടില്‍ ഇരു ഭാഗത്തേക്കും സര്‍വ്വീസ് ഉണ്ടാകും.

ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മണിക്ക് ശേഷം വൈപ്പിനില്‍ നിന്ന് ഹൈക്കോര്‍ട്ട് ജംഗ്ഷനിലേക്ക് പുലര്‍ച്ചെ 5 മണി വരെ വാട്ടര്‍ മെട്രോ സര്‍വ്വീസ് നടത്തും. പുതുവത്സര രാവില്‍ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങള്‍ക്ക് വാട്ടര്‍ മെട്രോ സര്‍വ്വീസ് ഗുണം ചെയ്യും.

Top