ഐഎസ്എല്‍ തുടങ്ങിയതോടെ കോളടിച്ച് കൊച്ചി മെട്രോ; പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം

കൊച്ചി: ഐഎസ്എല്‍ മത്സരങ്ങള്‍ തുടങ്ങിയതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ. കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി ഉദ്ഘാടന മത്സരം കാണാനെത്താന്‍ ഫുട്‌ബോള്‍ ആരാധകര്‍ യാത്രക്കായി തെരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണെന്ന് കണക്കുകള്‍ പറയുന്നു.

ഇന്നലെ മാത്രം മെട്രോയില്‍ യാത്ര ചെയ്തത് 125,950 പേരാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 2020 ലെ 125,131 യാത്രക്കാര്‍ എന്ന റെക്കോര്‍ഡാണ് ഇന്നലെ മറിക്കടന്നത്. 2023ല്‍ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബര്‍ മാസത്തില്‍ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ്. ഐഎസ്എല്ലിനെ തുടര്‍ന്ന് 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയത്.

മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കൊച്ചി മെട്രോയുടെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യവും മികച്ച രീതിയില്‍ ഉപയോഗിക്കപ്പെട്ടു. രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്.

കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കും മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്താം. മെട്രോയുടെ ഈ നീക്കം കളി കാണാനായി കൊച്ചിയിലെത്തിയ നിരവധി പേര്‍ക്കാണ് അനുഗ്രഹമായത്.

Top