തിരക്കിട്ട് നടപടി വേണ്ട ; സൗമിനി ജെയിനെ മാറ്റേണ്ടെന്ന് കോൺഗ്രസിൽ ധാരണ

കൊച്ചി : കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ തല്‍ക്കാലം മാറ്റേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മേയര്‍ സൗമിനി ജെയിനിനെ ഇക്കാര്യം അറിയിച്ചു. മേയറെ അധിക്ഷേപിച്ചോ ആക്ഷേപിച്ചോ പറഞ്ഞുവിടേണ്ട ഒരു സാഹചര്യം ഉണ്ടാകേണ്ടതില്ല എന്നാണ് കെ പി സി സി തീരുമാനം.

വെളളക്കെട്ടിന്റെ പൂര്‍ണ ഉത്തരവാദിത്തം മേയര്‍ക്ക് മാത്രമല്ല. പലര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. കൗണ്‍സിലിന്റെ കൂട്ടുത്തരവാദിത്തമാണ് അത്. ഈ ഒരു സാഹചര്യത്തില്‍ യു ഡി എഫ് ഭരിക്കുന്ന കൗണ്‍സിലില്‍ ഒരാളെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ല. മാത്രമല്ല അവരെ ആക്രമിക്കാന്‍ പല രീതിയിലുള്ള ശ്രമങ്ങള്‍ പല ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതൊക്കെ തന്നെ വലിയ തോതിലുള്ള പ്രതിഷേധമുളവാക്കുന്ന
കാര്യമാണെന്നും നേതൃത്വം വിലയിരുത്തി.

പക്വതയില്ലാത്ത നിലപാടാണ് പല നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഉന്നതാധികാര സമിതി യോഗത്തില്‍ കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു. ഇപ്പോള്‍ തിരക്കിട്ട് മേയറെ മാറ്റേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനു ശേഷം അക്കാര്യത്തെപ്പറ്റി ആലോചിക്കാമെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.

Top