മേയറെ മാറ്റാന്‍ ധാരണയായി; ഭരണസമിതിയില്‍ അഴിച്ച് പണി ഉടനെന്ന് കെ.ബാബു

കൊച്ചി: കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജെയിനെ സ്ഥാനത്തു നിന്ന് മാറ്റാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായി. കനത്ത മഴയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയില്‍ വെള്ളകെട്ടുണ്ടായത് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാരോപിച്ച് മേയര്‍ സ്ഥാനത്തും നിന്നും സൗമിനി ജയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേയറെ മാറ്റാനുള്ള കാര്യത്തില്‍ ധാരണയായിരിക്കുന്നത്.

മേയറെയും മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാന്‍ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി അധ്യക്ഷനെ അറിയിക്കുമെന്നും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ബാബു അറിയിച്ചു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയര്‍ ഉള്‍പ്പടെ ഭരണസമിതി മൊത്തത്തില്‍ മാറണമെന്ന് ധാരണ ഉണ്ടായിരുന്നുവെന്നും ബാബു പറഞ്ഞു. സൗമിനി ജെയിനും ഹൈബി ഈഡനും പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്നും ബാബു ആവശ്യപ്പെട്ടു.

വെള്ളക്കെട്ട് ഉണ്ടായതിന്റെ ഉത്തരവാദിത്തം മേയര്‍ക്ക് മാത്രമല്ല. മേയറെ മാത്രം ബലിയാടാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാബു പറഞ്ഞു.

മേയര്‍ മാറ്റം ഉടന്‍ വേണമെന്ന ആവശ്യവുമായി ഡിസിസിയില്‍ നിന്നുള്ള മൂന്നംഗ പ്രതിനിധിസംഘം തിങ്കളാഴ്ച തിരുവനന്തപുരത്തേക്കു പോകും.യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരാണ് കെപിസിസി പ്രസിഡന്റിനെ നേരില്‍ കണ്ടു തീരുമാനം അറിയിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ നഗരസഭാ ഭരണത്തിനെതിരേ ഹൈബി ഈഡന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

Top