ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി ഇന്ന് തീരും ; പുനരധിവസിപ്പിക്കേണ്ടത് 1472 പേരെ

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങൾക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും.

343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതിൽ സർക്കാറിൽനിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

ഈമാസം 20-തിനകം 4 പാർപ്പിടസമുച്ഛയങ്ങൾ പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോൾ എത്രപേർക്ക് പുനരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്ലാറ്റുടമകൾ പലരും സഹകരിച്ചില്ല. നഗരസഭാ ഓഫീസിലെ ഫ്ലാറ്റുടമകളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് 343 കുടംബങ്ങളുടെ കണക്ക് ജില്ലാ കളക്ടർക്ക് കൈമാറിയത്.

അതേസമയം ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതം അല്ലന്ന് പറഞ്ഞ് ഫ്ലാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ഇരുപതിനാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം.

Top