കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് ഇനി ആഴ്ചയില്‍ 3 ദിവസം

കൊച്ചി: വന്ദേ ഭാരതില്‍ ഉള്‍പ്പെടുത്തി വിജയമായതിനെത്തുടര്‍ന്ന് ഡിസംബര്‍ വരെ നീട്ടിയ സര്‍വീസ് എയര്‍ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. ആഴ്ചയില്‍ രണ്ടു ദിവസമുണ്ടായിരുന്ന സര്‍വീസ് 25 മുതല്‍ 2021 മാര്‍ച്ച് 31 വരെ ആഴ്ചയില്‍ 3 ദിവസമാക്കി.

യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണു കൊച്ചിയില്‍ നിന്നു യൂറോപ്പിലേക്കു നേരിട്ടുള്ള സര്‍വീസ്. രാജ്യത്തെ 9 നഗരങ്ങളില്‍ നിന്നു എയര്‍ ഇന്ത്യയ്ക്കു ലണ്ടന്‍ സര്‍വീസുണ്ട്. ഡല്‍ഹിയും (7 സര്‍വീസ്) മുംബൈയും (4) കഴിഞ്ഞാല്‍ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നാണ്.

ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു കൂടുതല്‍ സീറ്റുകളും ഇതുവഴി ലഭ്യമാകും. സിയാല്‍ ലാന്‍ഡിങ് ഫീസ് പൂര്‍ണമായും എയര്‍ ഇന്ത്യയ്ക്ക് ഒഴിവാക്കി നല്‍കിയതു ടിക്കറ്റ് നിരക്കു കുറയാന്‍ സഹായിച്ചിട്ടുണ്ട്. ഇക്കോണമി ക്ലാസില്‍ കൊച്ചി- ലണ്ടന്‍ നിരക്ക് 25,000 മുതലും ലണ്ടന്‍-കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്. കേരളത്തിനു പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും ശ്രീലങ്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൊച്ചി-ലണ്ടന്‍ സര്‍വീസ് പ്രയോജനപ്പെടും.

Top