കുമ്പളങ്ങി നൈറ്റ്‌സിലെ കവര് കാണാന്‍ കൂട്ടത്തോടെ സഞ്ചാരികള്‍; മുന്നറിയിപ്പുമായി പൊലീസ്

എറണാകുളം: കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രശസ്തമായ ‘കവര്’ എന്ന കായലിലെ നീലവെളിച്ചം കാണാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ മുന്നറിയിപ്പുമായി പള്ളുരുത്തി പൊലീസ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആള്‍കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കവര് കാണാനെത്തുന്നവരെ മടക്കി അയയ്ക്കുമെന്ന് പള്ളുരുത്തി സിഐ ജോയ് മാത്യു അറിയിച്ചു.

ഇതിന്റെ ഭാഗമായി കുമ്പളങ്ങി വഴി, ചെല്ലാനം തീരദേശ റോഡ്, എഴുപുന്ന പാലം എന്നിവിടങ്ങളില്‍ പൊലീസ് വാഹന പരിശോധന ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മുതല്‍ കവര് കാണാന്‍ എത്തുന്നവര്‍ക്ക് ഇതുസംബന്ധിച്ച ബോധവത്ക്കരണം നല്‍കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹെല്‍ത്ത് എമര്‍ജന്‍സി ആക്റ്റ് പ്രകാരം ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇത് പാലിക്കാതെയാണ് കഴിഞ്ഞ ഒരാഴ്ചയായി രൂപപ്പെട്ട കവര് കാണാന്‍ ജനങ്ങള്‍ എത്തുന്നതെന്ന് ഹെല്‍ത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.

അത്ഭുത പ്രതിഭാസമാണ് കവര് എന്ന ബയോലുമിന്‍സെന്‍സ്. ബാക്ടീരിയ, ഫങ്കസ്, ആല്‍ഗേ പോലെയുള്ള സൂക്ഷ്മ ജീവികള്‍ നീല പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇത് കാണാനാവുക. കായലില്‍ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തില്‍ ഇവ ദൃശ്യമാവും. കായലില്‍ ഉപ്പിന്റെ അളവു കൂടുന്തോറും പ്രകാശം വര്‍ധിക്കും. മഴക്കാലമായാല്‍ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ വരെ ആഞ്ഞിലിത്തറ, കുമ്പളങ്ങി -കണ്ടക്കടവ് റോഡ് എന്നിവിടങ്ങളില്‍ കവരു കാണാനെത്തുന്നവരുടെ തിരക്കാണ്.

Top