കരുണ സംഗീത പരിപാടി; ആരോപണത്തില്‍ വിശദീകരണവുമായി കെഎംഎഫ്

കൊച്ചി: കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ വിശദീകരണവുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ (കെഎംഎഫ്). പ്രസിഡന്റ് ബിജിപാല്‍, ജനറല്‍ സെക്രട്ടറി ഷഹബാസ് അമന്‍, മറ്റു ഭാരവാഹികളായ ആഷിഖ് അബു, സിത്താര കൃഷ്ണകുമാര്‍, ശ്യാം പുഷ്‌കരന്‍, കെ.എം.കമല്‍, മധു സി. നാരായണന്‍ എന്നിവരാണ് സാമ്പത്തിക ആരോപണത്തല്‍ വിശദീകരണവുമായെത്തിയത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇവര്‍ വിശദീകരണ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ സംഘടിപ്പിച്ച സംഗീത നിശ സാമ്പത്തിക പരാജയമായിരുന്നുവെന്ന് ഭാരവാഹികള്‍ പറയുന്നു.

ടിക്കറ്റ് വരുമാനമായി കിട്ടിയത് 7,74,000 രൂപ മാത്രമാണ്. നികുതി കിഴിച്ചുള്ള തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. മാര്‍ച്ച് 31നകം തുക നല്‍കിയാല്‍ മതിയെന്നായിരുന്നു മുന്‍ധാരണ. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തുക ഫെബ്രുവരി 14ന് നല്‍കിയതെന്നും വിഡിയോയില്‍ പറയുന്നു.പരിപാടിക്കായി 23 ലക്ഷം രൂപ ചെലവായി. ഇതില്‍ ഇനിയും രണ്ട് ലക്ഷം രൂപ കൊടുത്തുതീര്‍ക്കാനുണ്ട്. പരിപാടിക്കായി വിറ്റുപോയത് ആകെ 908 പാസുകള്‍ മാത്രമാണ്. ഈ വകയില്‍ കിട്ടിയത് 7,35,500 രൂപ മാത്രമാണ്. ടിക്കറ്റ് കൗണ്ടറില്‍ ക്യാഷ് സെയില്‍ വഴി കിട്ടിയത് 39,000 രൂപയാണ്. അങ്ങനെ ആകെ 7,74,500 രൂപ ടിക്കറ്റ് വരുമാന ഇനത്തില്‍ കിട്ടിയതില്‍ നികുതി കിഴിച്ച് 6,021,93 രൂപയാണ് ബാക്കിയുണ്ടായിരുന്നത്.

https://www.facebook.com/109893593740634/videos/503756553896503/

എംപി ഓഫിസില്‍ നിന്നടക്കം സൗജന്യ പാസുകള്‍ വാങ്ങിയിരുന്നെന്ന ആരോപണം കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്‍ ആവര്‍ത്തിച്ചു. ടിക്കറ്റ് വരുമാനത്തില്‍ ഈ തുക ഞങ്ങളുടെ കയ്യില്‍ നേരിട്ട് വരികയല്ല ചെയ്യുക എന്നത് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണമെന്ന് ബിജിബാല്‍ പറയുന്നു. ഇംപ്രസാരിയോ എന്ന കമ്പനിയാണ് ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. അവര്‍ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയാണ് ബില്ല് തന്നത്. അവര്‍ 19 ലക്ഷം രൂപയുടെ ബില്ലാണ് തന്നത്. ഇത് ടിക്കറ്റ് ഇനത്തില്‍ കിട്ടിയ ആറര ലക്ഷം ഒഴിവാക്കിയിട്ടുള്ള ബില്ലായിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട്, മറ്റ് ക്യാമറാ ചെലവുകള്‍, നേരിട്ട് കൊടുക്കേണ്ട തുക അടക്കമെല്ലാം കൂട്ടിയാണ് ആകെ ചെലവ് 23 ലക്ഷം എന്ന് കണക്ക് കൂട്ടിയതെന്നും ബിജിബാല്‍ വ്യക്തമാക്കുന്നു.

Top