രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലിം കുമാർ, വിവാദ൦ അനാവശ്യം; കമൽ

കൊച്ചി: ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ നടൻ സലിം കുമാറിന് ക്ഷണം ലഭിക്കാത്തതിനെ തുടർന്നുള്ള വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ദേശീയ അവാർഡ് ജേതാവായിരുന്നിട്ടും തനിക്ക് ക്ഷണം ലഭിക്കാത്തതിന് കാരണം രാഷ്ട്രീയമാണെന്നായിരുന്നു നടൻ പ്രതികരിച്ചത്. എന്നാൽ രാഷ്ട്രീയമല്ല കാരണമെന്നും അദ്ദേഹത്തെ വിളിക്കാൻ വൈകിയതാവുമെന്നുമാണ് കമൽ പറയുന്നത്.

“ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലിം കുമാർ. അദ്ദേഹത്തെ ഒഴിവാക്കി കൊച്ചിയിൽ ഒരു മേള സാധ്യമല്ല. ലിസ്റ്റിൽ ഉൾപ്പെടുത്തിയുണ്ട്. വിവാദ൦ അനാവശ്യമാണ്. സലിം കുമാർ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു.” കമൽ പറഞ്ഞു.

തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും തന്റെ രാഷ്ട്രീയത്തോടുള്ള എതി൪പ്പ് കാരണമാണെന്നുമായിരുന്നു സലിം കുമാർ വിഷയത്തിൽ പ്രതികരിച്ചത്. ഇനി വിളിച്ചാലും പങ്കെടുക്കില്ല. തന്നെ ഒഴിവാക്കി നിർത്തുന്നതിൽ ചില൪ വിജയിച്ചു. പ്രായമല്ല പ്രശ്നം. തനിക്കൊപ്പ൦ മഹാരാജാസിൽ പഠിച്ചവ൪ ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു.

നാളെ വൈകിട്ടാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നടക്കുക. കെജി ജോർജിന്റെ നേതൃത്വത്തിൽ യുവതലമുറയിലെ ചലച്ചിത്ര പ്രവർത്തകർ 25 തിരിതെളിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ഡെലിഗേറ്റുകൾ സഹകരിക്കണമെന്ന് കമൽ അഭ്യർത്ഥിച്ചു.

Top