കള്ളപ്പണം വെളുപ്പിക്കല്‍; ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഫെബ്രുവരി 18ലേക്ക് മാറ്റി

കൊച്ചി: പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനായി ഫെബ്രുവരി 18 ലേക്ക് മാറ്റി.

ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണറുടെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

നടപടി ക്രമം അനുസരിച്ച്, ഈ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും അന്വേഷണ അനുമതി ലഭിച്ച് കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കൂ എന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി നോട്ടുനിരോധനകാലത്ത് പത്തു കോടി രൂപ വന്നതാണ് കേസിനാസ്പദമായ സംഭവം. ഇത് പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്.

Top