നടിയെ ആക്രമിച്ച കേസ്‌; സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പൊലീസിന് മുമ്പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.

സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു, തുടര്‍ന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷന്‍ തന്നെ ക്രോസ് വിസ്താരവും നടത്തി. ഇതുവരെ 39 പേരുടെ സാക്ഷി വിസ്താരമാണ് പ്രത്യേക കോടതിയില്‍ നടന്നത്.

സാക്ഷി വിസ്താരത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്ത് എട്ടാം പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇടവേള ബാബു കൂറ് മാറിയെന്ന വാര്‍ത്ത വന്നതിന് പിറകെയാണ് ഹര്‍ജി നല്‍കിയത്.

കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടി ബിന്ദു പണിക്കര്‍, നടന്‍മാരായ സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. സാക്ഷി വാസ്തരത്തിന് ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന് നേരത്തെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയില്‍ ഹാജരായ കുഞ്ചാക്കോ ബോബനെ പ്രതിഭാഗം അഭിഭാഷകരും പ്രോസിക്യൂഷനും വിസ്തരിച്ചു.

Top