യുഡിഎഫിന്റെ കെ.ആര്‍. പ്രേംകുമാര്‍ കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയര്‍

കൊച്ചി: കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് യുഡിഎഫിന്റെ കെ.ആര്‍. പ്രേംകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.നഗരസഭയിലെ പ്രതിപക്ഷ നേതാവും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയുമായ കെ.ജെ. ആന്റണിയെ 34നെതിരെ 37 വോട്ടുകള്‍ക്കാണ് കെ.ആര്‍. പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്. നഗരസഭയില്‍ യുഡിഎഫിന് 37ഉം എല്‍ഡിഎഫിന് 34ഉം ബിജെപിക്ക് രണ്ടും കൗണ്‍സില്‍ അംഗങ്ങളാണുള്ളത്. ഇവരില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു.

ടി.ജെ. വിനോദ് എംഎല്‍എ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കൗണ്‍സില്‍ അംഗത്വം രാജിവച്ചപ്പോഴുണ്ടായ ഒഴിവിലേയ്ക്കായിരുന്നു വോട്ടെടുപ്പ്. പെരുമ്പടപ്പ് 18ാം ഡിവിഷനിലെ കൗണ്‍സില്‍ അംഗമാണ് തിരഞ്ഞെടുക്കപ്പെട്ട കെ.ആര്‍. പ്രേംകുമാര്‍. മേയര്‍ മാറ്റം സംബന്ധിച്ച വിവാദങ്ങള്‍ യുഡിഎഫ് ജില്ലാ നേതൃത്വത്തിനിടയില്‍ കത്തി നില്‍ക്കുന്നതിനിടെയാണ് ഈ ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയം.

യുഡിഎഫ് നേതൃത്വം ഏകകണ്ഠമായി ആയിരുന്നു കെ.ആര്‍. പ്രേംകുമാറിനെ ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. മേയര്‍ സൗമിനി ജെയിനിനെ മാറ്റുന്നതിനെതിരെ രംഗത്തെത്തിയ കൗണ്‍സില്‍ അംഗങ്ങളായ ഗീത പ്രഭാകരന്‍, ജോസ് മേരി എന്നിവരെ കഴിഞ്ഞ ദിവസം ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയും മേയര്‍ സൗമിനി ജെയിനും നേരിട്ടു കണ്ട് സംസാരിച്ചിരുന്നു. വോട്ടെടുപ്പിനു മുമ്പ് കൗണ്‍സില്‍ അംഗങ്ങള്‍ക്കെല്ലാം യുഡിഎഫ് ജില്ലാ നേതൃത്വം കൃത്യമായ നിര്‍ദേശവും പരിശീലനവും നല്‍കിയിരുന്നു.

Top