മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും

കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. സര്‍ക്കാര്‍ സാങ്കേതിക ഉപദേഷ്ടാവായി നിയമിച്ച ശരത് ബി സര്‍വ്വാതെ ഇന്ന് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ സന്ദര്‍ശിക്കും.

ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനും പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നതിനുമാണ് ശരത് ബി സര്‍വ്വാതെയെ ഉപദേശകനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം ഇന്ന് 4 ഫ്‌ലാറ്റ് സമുച്ചയങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് പരിഗണിക്കുന്ന കമ്പനികളുമായി സര്‍വ്വാതെ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുക.

ഫ്‌ലാറ്റുടമകള്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ മൂന്നംഗ സമിതി കുടുതല്‍ സമയം അനുവദിച്ചു. യഥാര്‍ത്ഥ വില കാണിച്ച് ഉടമകള്‍ സത്യവാങ്ങ്മൂലം നല്‍കണം.

മരടിലെ ഫ്‌ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം തീരുമാനിക്കുന്നതിനുള്ള മൂന്നംഗ സമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം.ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന യോഗത്തില്‍ സമിതി അംഗങ്ങളായ മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ.എസ്.ആര്‍.എയിലെ എന്‍ജിനീയര്‍ ആര്‍. മുരുകേശന്‍ എന്നിവരും പങ്കെടുത്തിരുന്നു.

Top