മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കും; സൗമിനി ജയിനെ അനുകൂലിച്ച് കൗണ്‍സിലര്‍മാര്‍

കൊച്ചി: ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കൊച്ചി മേയറെ മാറ്റണണെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കള്‍ സൗമിനി ജെയിനെതിരെ വിമര്‍ശനവുമായി വന്ന സാഹചര്യത്തില്‍ മേയര്‍കസേര തെറിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കങ്ങള്‍ക്ക് തടയിട്ട് രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

കോണ്‍ഗ്രസ് അംഗം ജോസ് മേരിയും സ്വതന്ത്ര അംഗം ഗീത പ്രഭാകരനുമാണ് മേയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനിയെ നീക്കിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് ഗീത പ്രഭാകരന്റെ ഭീഷണി. മേയറെ ഈ ഘട്ടത്തില്‍ മാറ്റേണ്ടതില്ലെന്നും ഇരുവരും പറഞ്ഞു. അവശേഷിക്കുന്നത് എട്ട് മാസം മാത്രമാണെന്നും അത്രയും കാലത്തേക്ക് വേണ്ടി മാത്രം മറ്റൊരു മേയര്‍ വേണ്ടെന്നുമാണ് ഇവരുടെ ആവശ്യം.

കൊച്ചി കോര്‍പ്പറേഷനില്‍ ആകെ 74 അംഗങ്ങളാണ് ഉള്ളത്. ഡപ്യൂട്ടി മേയറായിരുന്ന ടിജെ വിനോദ് കൂടി രാജിവച്ച സാഹചര്യത്തില്‍ നിലവില്‍ യുഡിഎഫിന് 37 സീറ്റും എല്‍ഡിഎഫിന് 34 സീറ്റുമാണ് ഉള്ളത്. രണ്ട് അംഗങ്ങളും രാജിവച്ചാല്‍ യുഡിഎഫ് അംഗബലം 35 ആയി കുറയും. യുഡിഎഫ് അംഗങ്ങളില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും മേയര്‍ സൗമിനി ജെയിന് ഒപ്പമാണെന്നും ഇരുവരും പറഞ്ഞു.

അതേസമയം,​ സൗമിനി ജെയ്നിനോട് തിരുവനന്തപുരത്തെത്താന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പൂര്‍ണമായി അഴിച്ചുപണിയണമെന്ന ആവശ്യവുമായി ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചിരുന്നു. മേയറെ മാത്രമല്ല സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

ഉപതിരഞ്ഞെടുപ്പ് ദിനത്തിലെ പേമാരിയുടെയോ കോടതി വിമര്‍ശനത്തിന്റെയോ അടിസ്ഥാനത്തിലല്ല മറിച്ച്‌ രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനമാറ്റം ഉണ്ടാകുമെന്ന തിരഞ്ഞെടുപ്പ് സമയത്തെ ധാരണ ഇനിയെങ്കിലും യാഥാര്‍ത്ഥ്യമാക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മേയറെ മാറ്റണമെന്ന അഭിപ്രായത്തോട് ആദ്യം വിയോജിച്ചുവെങ്കിലും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി നാളെ നടത്താനിരിക്കുന്ന യോഗത്തില്‍ ഇക്കാര്യംകൂടി പരിഗണിക്കാമെന്ന് ഒടുവില്‍ മുല്ലപ്പള്ളി സമ്മതിച്ചു.കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം കോര്‍പ്പറേഷനില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് വിലയിരുത്തിയിരുന്നു.

അതേസമയം തനിക്ക് കെ.പി.സി.സിയുടെ പിന്തുണയുണ്ടെന്നും തന്നെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി സംസ്ഥാനനേതൃത്വമാണെന്നും കഴിഞ്ഞദിവസം മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കിയിരുന്നു.

Top