കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ നാല് സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. ഇതില്‍ മൂന്നിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. അതേസമയം നഗരസഭയിലെ ഭരണപ്രതിസന്ധിക്ക് കാരണം ഭരണപക്ഷത്തിനിടയിലെ തര്‍ക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനെ തെറിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്ഥിരം സമിതി അധ്യക്ഷന്‍മാരോട് രാജിവയ്ക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.

ധനകാര്യ സമിതി അംഗമായി ഡെലീന പിന്‍ഹീറോയും ക്ഷേമകാര്യ സമിതി അംഗമായി പി.ഡി.മാര്‍ട്ടിനും പൊതുമരാമത്ത് സമിതി അംഗമായി വിജയകുമാറും ജയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അംഗത്തിനായുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൗണ്‍സിലര്‍ എ.വി.സാബു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒന്നാം വോട്ട് നല്‍കിയില്ല.

യുഡിഎഫിന് ഭൂരിപക്ഷമുള്ള നികുതികാര്യ സ്ഥിരം സമിതിയില്‍ ഇരുപക്ഷവും മത്സരിച്ചില്ല. അതേസമയം നഗരസഭയില്‍ ഭരണപ്രതിസന്ധിയാണെന്നും ഭരണപക്ഷത്തിനുള്ളിലെ തര്‍ക്കങ്ങളാണ് ഈ അവസ്ഥക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. മേയറെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി വികസനകാര്യ സമിതി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അന്ത്യശാസനം നല്‍കിയിട്ടും ഗ്രേസി ജോസഫ് തയ്യാറായിട്ടില്ല.

Top