കൊച്ചി ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്: കെ.ആര്‍.പ്രേംകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കെ.ആര്‍.പ്രേംകുമാറിനെ മത്സരിപ്പിക്കാന്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ടി.ജെ വിനോദ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് കെ.ആര്‍.പ്രേംകുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം പരിഗണിച്ചാണ് ഫോര്‍ട്ട് കൊച്ചി 18-ാം ഡിവിഷനിലെ കൗണ്‍സില്‍ അംഗമായ കെ.ആര്‍.പ്രേംകുമാറിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിപ്പിച്ചത്.

ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം. നിലവില്‍ 37 അംഗങ്ങളുള്ളതിനാല്‍ തെരഞ്ഞെടുപ്പ് വെല്ലുവിളിയാകില്ലെന്ന് നേതൃയോഗം വിലയിരുത്തി.

മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജയിനിനെ മാറ്റുന്നതില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗമിനിയെ മാറ്റുന്ന കാര്യത്തില്‍ തല്‍ക്കാലം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം നിര്‍ദ്ദേശം നല്‍കി.

സൗമിനി ജയിനിനെ നീക്കിയാല്‍ രാജിവെക്കുമെന്ന് ഇതിനകം ഒരു കൗണ്‍സില്‍ അംഗം പരസ്യമായി വ്യക്തമാക്കി. ഇത്തരം സാഹചര്യം ഉണ്ടായാല്‍ കോര്‍പ്പേറേഷനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നഷടമാകുന്ന സ്ഥിതിയുമുണ്ടാകും.13ന് നടക്കുന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസിയില്‍ മേയറെ മാറ്റുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം.

Top