യാത്രക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി കൊച്ചി സിറ്റി പൊലീസിന്റെ ‘ക്യുകോപ്പി’ ആപ്പ്

കൊച്ചി:യാത്രക്കിടയില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി കൊച്ചി സിറ്റി പൊലീസിന്റെ മൊബൈല്‍ ആപ്പ്. ‘ക്യുകോപ്പി’ (Qkopy) എന്നാണ് ആപ്പിന്റെ പേര്. പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തണം എന്ന തോന്നുന്ന വിവരങ്ങള്‍ യഥാസമയം എത്തിക്കാന്‍ ഈ ആപ്പ് സഹായിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സ്റ്റാര്‍ട്ടപ്പ് ആയ ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

യാത്രക്കിടയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും പൊലീസിന്റെ അടിയന്തര സഹായത്തിനും പൊതുജനങ്ങളിലേയ്ക്ക് പോലീസിന് എത്തിക്കേണ്ട നിര്‍ദേശങ്ങള്‍ അതിവേഗത്തില്‍ എല്ലാവരിലേയ്ക്കും എത്തിക്കാനും ഈ ആപ്പ് സാഹായിക്കും.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും യാത്രക്കിടയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പൊലീസിനെ അറിയിക്കാന്‍ ഈ ആപ്പ് പ്രയോജനപ്പെടുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു. വാഹനത്തിന്റെ നമ്പര്‍, ലൊക്കേഷന്‍ അടക്കമുള്ള എല്ലാ വിവരങ്ങളും ഈ ആപ്പ് വഴി പൊലീസില്‍ എത്തിക്കാന്‍ സാധിക്കും.

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ അറിയാനുള്ള സംവിധാനവും ‘ക്യുകോപ്പി’ എന്ന ആപ്പിലുണ്ട്. നഗരത്തില്‍ ഗതാഗത നിയന്ത്രണം മൂലം വഴി തിരിച്ചുവിട്ടിരിക്കുന്ന സ്ഥലങ്ങള്‍, വാഹനാപകടങ്ങള്‍ കാരണം എവിടെയെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ടോ എന്നിങ്ങനെ എല്ലാ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും.

കൊച്ചി സിറ്റിപൊലീസിന്റെ അലര്‍ട്ട് നമ്പറായ 94979155555 സേവ് ചെയ്ത ശേഷം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ‘ക്യുകോപ്പി’ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. ക്യൂആര്‍ കോഡ് ഉപയോഗിച്ചും ആപ്പില്‍ പ്രവേശിക്കാം.

Top