പരാതികള്‍ ചീറ്റിപ്പോയി ! ജോജുവിനെതിരെ തെളിവില്ല, നേതാക്കളുടെ അറസ്റ്റ് ഇന്ന്

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ ഒരു തെളിവുമില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു.

കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോജുവിന്റെ വാഹനം നശിപ്പിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ജോജുവിനെതിരായ പരാതിയില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്. അതില്‍ സത്യാവസ്ഥ ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോജുവിന്റെ കാര്‍ തകര്‍ത്തതിനെതിരെ നല്‍കിയ പരാതിയില്‍ ഇന്നുതന്നെ അറസ്റ്റുണ്ടാകും.

സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരെ അടുത്തിടെ പ്രാബല്യത്തിലായ പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് എഗെയിന്‍സ്റ്റ് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍ഡ് കോംപന്‍സേഷന്‍ ആക്ട് എന്ന പുതിയ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിലെ കുറ്റക്കാരെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്.

പ്രതിഷേധത്തിനിടെ ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ത്തതില്‍ തെളിവുണ്ട്. ആളുകളുടെ മുഖം കാണാന്‍ സാധിക്കും. ജോജുവിന്റെ മൊഴി ഇന്നലെതന്നെ രേഖപ്പെടുത്തി. അദ്ദേഹം പറഞ്ഞതുകൊണ്ടു മാത്രമല്ല കേസെടുക്കുന്നത്. തെളിവു പരിശോധിച്ചിട്ടാണ് കേസെടുക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.

ജോജുവിന്റെ പരാതിയില്‍ പേരു പറഞ്ഞിട്ടുള്ള കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയെ അറസ്റ്റു ചെയ്യുമോ എന്ന ചോദ്യത്തിന് ആരാണെന്നു നോക്കില്ല, പ്രതിയാണെങ്കില്‍ പിടിക്കുമെന്നായിരുന്നു മറുപടി.

Top