കൊച്ചി കാർ കൂട്ടബലാത്സംഗക്കേസ്: പ്രതികളുമായി ബാറിലും സമീപത്തെ ഹോട്ടലിലും പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: കൊച്ചി കൂട്ട ബലാത്സംഗ കേസിൽ മോഡലിനെ പീഡനത്തിന് ഇരയാക്കിയ ബാറിലും സമീപത്തെ ഹോട്ടലിലും പൊലീസ് തെളിവെടുപ്പ് നടത്തി. മോഡലിന്റെ രഹസ്യ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തെളിവ് നിയമത്തിലെ 164 ആം വകുപ്പ് പ്രകാരമാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

സംഭവം നടന്ന ബാർ ഹോട്ടലിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതികളായ നിധിൻ, സുധീപ്, വിവേക്, ഡിംപിൾ എന്നിവരുമായി അന്വേഷണ സംഘമെത്തിയത്. ജീവനക്കാരിൽ നിന്നും ഉദ്യോഗസ്ഥർ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പീഡനം നടന്ന ദിവസത്തെ സംഭവങ്ങൾ ഓരോന്നായി പ്രതികൾ വിവരിച്ചു. പിന്നീട്, പ്രതികൾ ഭക്ഷണം കഴിച്ച തെട്ടടുത്ത ഹോട്ടലിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

സംഭവത്തിൽ പൊലീസിന് നൽകിയ മൊഴി തന്നെയാണ് യുവതി മജിസ്ട്രേറ്റിന് മുന്നിലും ആവർത്തിച്ചത്. എന്നാൽ സ്വന്തം താൽപര്യപ്രകാരമാണ് മോഡൽ തങ്ങൾക്കൊപ്പം വന്നതെന്ന് പ്രതികൾ പൊലീസിനോട് പറ‍ഞ്ഞതായാണ് വിവരം. മദ്യപിച്ചതും വാഹനത്തിനകത്ത് വച്ച് ബന്ധപ്പെട്ടതും സമ്മതപ്രകാരമാണ്. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ പറയുന്നത്.

ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് കാക്കനാട്ടെ ഫ്ലാറ്റിൽ മോ‍ഡലിനെ കൊണ്ട് വിട്ടതെന്നും നടന്ന കാര്യങ്ങൾ തിരിച്ചറിയാനാവാത്ത വിധം അബോധാവസ്ഥയിലായിരുന്നില്ലെന്നുമാണ് പ്രതികൾ പറയുന്നത്. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ ഡിംപിളിന്റെ പങ്കിനെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ലൈംഗിക ആവശ്യത്തിനായി പെൺകുട്ടികളെ എത്തിക്കുന്ന ഏജന്റാണോ ഡിംപിൾ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Top