കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ അമേരിക്കയും കസ്റ്റഡിയിലെടുത്തിരുന്നു . . .

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ കപ്പല്‍ നേരത്തെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റഡിയില്‍ എടുത്തിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ പോര്‍ട്ട്ലന്‍ഡില്‍ വെച്ചാണ് സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ആമ്പര്‍ എല്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്.

കപ്പലിലെ വെസല്‍ നിയന്ത്രണ സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തകരാര്‍ പരിഹരിക്കാതെ അമേരിക്കന്‍ ജലപാതയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത വോയിസ് റെക്കോര്‍ഡുകളും ലോഗ്ബുക്കും പോലീസ് പരിശോധിച്ചുവരികയാണ്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് പുതുവൈപ്പിനില്‍നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. തോപ്പുംപടിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കപ്പല്‍ ഇടിച്ചത്.

ബോട്ടില്‍ 14 മത്സ്യത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഒരാളെ കാണാതായിട്ടുണ്ട്. പരിക്കേറ്റ 11 പേരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോട്ടില്‍ ഇടിച്ച കപ്പല്‍ ലൈറ്റുകള്‍ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്നായിരുന്നു പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ മൊഴി.

ബോട്ടില്‍ കപ്പലിടിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്രാ നിയമ പ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികള്‍ എടുക്കാത്തത് അതുകൊണ്ടാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം. ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്.

Top