ബ്ലാക്ക്‌മെയിലിംഗ് കേസ്; പ്രതികള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മോഡല്‍

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരിയായ മോഡല്‍. ഷെരീഫ് മാത്രമല്ല കുറ്റകൃത്യത്തിന്റെ സൂത്രധാരനെന്നും രമേശും റാഫിയുമാണ് മാല ഊരിവാങ്ങിയതെന്നും അവര്‍ പറഞ്ഞു.

പേര് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പേടിയുണ്ട്. അമ്മയും അച്ഛനും മാത്രമാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ അനിയനടക്കമുള്ളവര്‍ക്ക് പേടിയാണ്. ഷെരീഫ് മാത്രമല്ല കുറ്റക്കാരന്‍. മാല ഊരി വാങ്ങിയത് രമേശും റാഫിയുമാണെന്നും സ്വര്‍ണ്ണക്കടത്തിനായെന്ന പേരിലാണ് വിളിക്കുന്നതെന്നും എന്നിട്ട് പണം തട്ടുകയായിരുന്നു ഇവരുടെ ശ്രമമെന്നും മോഡല്‍ പറഞ്ഞു.

എന്നാല്‍ ഷംന കാസിമിലേക്ക് എത്തുന്നതിന് മുന്‍പ് നിരവധി പേരെ പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഷംന കേസിനെ ബ്ലാക്‌മെയ്‌ലിങ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംനയുടെ പിതാവ് കാസിം പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച അന്വേഷണമായതിനാലാണ് ഇത്ര വേഗം പ്രതികളെ പിടികൂടാനായത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് അറിയില്ല. കേസ് അട്ടിമറിക്കാന്‍ തെറ്റായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രക്ഷപ്പെടാന്‍ വേണ്ടി പറയുന്ന നുണകളാണ്. ഷംന മാത്രമല്ല പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നും എകെ കാസിം പറഞ്ഞു.

Top