ഗൂഢാലോചനയില്ല, രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധവുമില്ല: ബിന്ദു അമ്മിണി

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായിയുടെ സംഘം എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി ബിന്ദു അമ്മിണി. തങ്ങളുടെ വരവില്‍ ഗൂഢാലോചന ഉണ്ടെന്ന് പറയുന്നത് നിഷേധിക്കുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും ബിന്ദു പറഞ്ഞു. സംരക്ഷണം നല്‍കേണ്ടത് പൊലീസാണെന്നും ഇല്ലെങ്കില്‍ സംയുക്തമായി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുമെന്നും ബിന്ദു പറഞ്ഞു.

ശബരിമല സന്ദര്‍ശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നില്‍ തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമലയിലെ സമാധാനപരമായ തീര്‍ത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശബരിമല സന്ദര്‍ശനത്തിനെത്തിയ യുവതികള്‍ മന്ത്രി എകെ ബാലനെ കണ്ടോ എന്ന് തനിക്കറിയില്ലെന്നും കടകംപള്ളി പറഞ്ഞു. ‘സുപ്രീം കോടതി വിധിയില്‍ അവ്യക്തത മാറ്റാന്‍ വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും വേണമെങ്കില്‍ തൃപ്തി ദേശായിക്ക് സ്വമേധയ കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

Top