ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്: നടി ലീന മരിയ പോള്‍ പൊലീസിന് വീണ്ടും മൊഴി നല്‍കി

കൊച്ചി: പനമ്പളളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ നടി ലീന മരിയ പോള്‍ വീണ്ടും പൊലീസിന് മൊഴി നല്‍കി. കൊച്ചിയിലെ അഭിഭാഷകന്റെ വീട്ടില്‍ വച്ചാണ് രണ്ടാം തവണ ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കിയത്.

മൊഴിയില്‍ കഴിഞ്ഞ തവണ പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ലീന മരിയ പോള്‍ ഇത്തവണയും ആവര്‍ത്തിച്ചു. പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നും ഇപ്പോഴും മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുടെ ഭീഷണി തനിക്കുണ്ടെന്നും ലീന മൊഴി നല്‍കി. അന്വേഷണം പുതിയ സംഘത്തിന് കൈമാറിയ പശ്ചാത്തലത്തിലാണ് വീണ്ടും ലീനയുടെ മൊഴിയെടുത്തത്.

അതേസമയം സംഭവത്തിന് ശേഷവും തനിക്കും തന്റെ അഭിഭാഷകനും രവി പൂജാരിയുടെ കോള്‍ പല തവണ വന്നുവെന്നും ഇപ്പോള്‍ കോള്‍ എടുക്കാറില്ലെന്നും ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞു. ആര്‍ക്കു വേണ്ടിയാണ് രവി പൂജാരി വിളിക്കുന്നതെന്ന് തനിക്ക് അറിയില്ല. അയാളുമായി മുന്‍ പരിചയമില്ലെന്നും സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നാണ് ലീന മരിയ പോളിന്റെ മൊഴി.

കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു പനമ്പളളി നഗറിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാലര്‍റിന് നേരെ അജ്ഞാതര്‍ ബൈക്കിലെത്തി വെടിയുതിര്‍ത്തത്. ആക്രമണം നടത്തിയ രണ്ടംഗസംഘത്തെ പിടികൂടാന്‍ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

Top