കോവിഡ് രണ്ടാംഘട്ട മരുന്നു പരീക്ഷണത്തിന് കൊച്ചിയിലെ കമ്പനിയ്ക്ക് അനുമതി

കൊച്ചി: കോവിഡ് രോഗികളില്‍ രണ്ടാംഘട്ട മരുന്നു പരീക്ഷണം നടത്താന്‍ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി ലഭിച്ചു. മരുന്നു ഗവേഷണ സ്ഥാപനമായ പിഎന്‍ബി വെസ്പെര്‍ ലൈഫ് സയന്‍സ് എന്ന സ്ഥാപനത്തിനാണ് ഡ്രഗ് കണ്‍ട്രോള്‍ അനുമതി നല്‍കിയത്. ഒന്നാം ഘട്ട പരീക്ഷണത്തില്‍ മനുഷ്യരില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് തയാറെടുക്കുന്നത്. അറുപതുദിവസത്തിനകം പരീക്ഷണം പൂര്‍ത്തിയാക്കും.

പുണെ ബിഎംജെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള നാല്‍പത് കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിക്കും. ലോകത്ത് കോവിഡ് രോഗികളില്‍ വാക്‌സിനേഷന്‍ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി എന്‍ ബി വെസ്പെര്‍ അവകാശപ്പെട്ടു.

രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കല്‍ കോളജുകളിലായി 350 കൊവിഡ് രോഗികളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. നേരത്തെ വിവിധ കാലയളവുകളിലായി പൂര്‍ണ ആരോഗ്യമുള്ള 74 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്.

Top