പുതുവര്‍ഷത്തെ വരവേറ്റ് കൊച്ചിയും കോഴിക്കോടും

കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയില്‍ കൂറ്റന്‍ പപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റു. ആഘോഷവും ആരവങ്ങളുമായി പതിനായിരങ്ങളാണ് ഇത്തവണയും ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.ബേപ്പൂര്‍, കോഴിക്കോട് അടക്കം പ്രധാനപ്പെട്ട ബീച്ചുകളും മാനാഞ്ചിറയും കേന്ദ്രീകരിച്ചായിരുന്നു കോഴിക്കോട്ടെ പുതുവര്‍ഷാഘോഷങ്ങള്‍. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ആടിയും പാടിയും പടക്കങ്ങള്‍ പൊട്ടിച്ചും കോഴിക്കോട്ടുകാര്‍ പുതുവര്‍ഷത്തെ വരവേറ്റു.

നഗരത്തിലുടനീളം ഗതാഗത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് പൊലീസ് ആഘോഷപരിപാടികള്‍ സുഗമമാക്കിയത്. വൈകിട്ട് മൂന്ന് മണി മുതല്‍ കോഴിക്കോട് ബീച്ചിലേക്ക് കാറടക്കമുള്ള വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബീച്ചിന് ഒരു കിലോ മീറ്റര്‍ അപ്പുറത്ത് വാഹനം നിര്‍ത്തേണ്ടി വന്നെങ്കിലും കാല്‍നടയായി നൂറു കണക്കിന് പേര്‍ ബീച്ചിലെത്തി.ഏഴ് എ സി പി മാരുടെ നേതൃത്വത്തില്‍ 600 പൊലീസുദ്യോഗസ്ഥരാണ് നഗരത്തിലെ സുരക്ഷ ചുമതലയ്ക്കായി ഉണ്ടായിരുന്നത്. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും 12 മണിക്ക് ശേഷവും ബീച്ചും പരസരവും പൊലീസ് നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിച്ചില്ല. ഏറെ വൈകിയും കോഴിക്കോട്ടുകാര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഉണര്‍ന്നിരുന്നു.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജനസാഗരം ഒഴുകിയെത്തിയതോടെ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് ആവേശക്കടലായി. രാത്രി 11.55ന് കൗണ്ട്ഡൗണ്‍ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ 80 അടി ഉയരമുള്ള പടുകൂറ്റന്‍ പാപ്പാഞ്ഞിയിലേക്ക്. കൃത്യം 12 മണിക്ക് പാപ്പാഞ്ഞിക്ക് തിരികൊളുത്തി. ഹര്‍ഷാരവങ്ങള്‍ക്കൊപ്പം ഹാപ്പി ന്യൂ ഇയര്‍ വിളികള്‍ മുഴങ്ങി. പടു വൃദ്ധനായ പാപ്പാഞ്ഞിക്കൊപ്പം 2023ന്റെ വേദനകളെല്ലാം എരിഞ്ഞമര്‍ന്നു.കഴിഞ്ഞവര്‍ഷത്തെ അപകട സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലാണ് ഇത്തവണ ആഘോഷം നടന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം വിന്യസിച്ചത് ആയിരത്തോളം പൊലീസുകാരെയായിരുന്നു. വൈകിട്ട് 4 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഫോര്‍ട്ട് കൊച്ചിക്കൊപ്പം പുതുവൈപ്പിനിലും കൊച്ചി നഗരത്തിലും കോര്‍പ്പറേഷനും, ജില്ലാ ഭരണകൂടവും പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവിലും പരിസരത്തും ഇലുമിനേറ്റഡ് ജോയ്, സ്‌പ്രെഡിംഗ് ഹാര്‍മണി’ എന്ന പേരില്‍ വര്‍ണ വിളക്കുകകളുടെ വിസ്മയമൊരുക്കിയാണ് പുതുവര്‍ഷത്തെ സ്വീകരിച്ചത്.

Top