നടി ആക്രമിക്കപ്പെട്ട സംഭവം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഒമ്പതാം പ്രതി പൊലീസ് പിടിയില്‍. ജാമ്യത്തിലിറങ്ങിയ സനല്‍ കുമാറാണ് പിടിയിലായത്. സനല്‍ കുമാറിനെ എത്രയും പെട്ടന്ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സനല്‍കുമാറിന് ജാമ്യം നിന്നവരെ കോടതി വിളിച്ചു വരുത്തിയിരുന്നു.

അതേസമയം മെമ്മറികാര്‍ഡില്‍ അടങ്ങിയ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ പരിശോധിപ്പിക്കുന്നത് കേരളത്തിനു പുറത്തുള്ള വിദഗ്ധനെക്കൊണ്ടാണെന്നും ഇതിന് കുറച്ച് സമയം വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ അഡീഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം 11ന് കേസ് പരിഗണിക്കുന്ന സമയത്ത് ഇക്കാര്യം അറിയിക്കണമെന്ന് കോടതിയും നിര്‍ദേശിച്ചു.

അതേസമയം, തെളിവുകള്‍ അടങ്ങിയ ഡിജിറ്റല്‍ രേഖകള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ 32 ഡിജിറ്റല്‍ രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. സിനിമ ചിത്രീകരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടി കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയില്‍ അവധി അപേക്ഷ നല്‍കുകയാണ് ഉണ്ടായത്.

ഇതിനിടെ തന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ ദൃശ്യത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ഹര്‍ജിയും ജഡ്ജി ഹണി എം. വര്‍ഗീസ് പതിനൊന്നിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി.

2017 ജനുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. സിനിമാനടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോ എടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 18ന് നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി പിടിയിലായി. സുനില്‍കുമാര്‍ അടക്കം 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഫെബ്രുവരി 19ന് നടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച വാന്‍ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു.

ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയ സുനില്‍കുമാറിനേയും വിജീഷിനേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടുകയായിരുന്നു. കേസില്‍ ജൂണ്‍ 18ന് സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കല്‍സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശേഷം ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റിലാവുന്നത്.

Top