ആദായനികുതി റിട്ടേൺ വൈകിയാൽ പിഴ നൽകേണ്ടാത്ത നികുതിദായകർ ആരൊക്കെയെന്ന് അറിയാം

ഴിഞ്ഞ ജൂലൈ 31 ആയിരുന്നു നികുതിദായകർക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. നിശ്ചിത തീയതിക്ക് ശേഷം ഐടിആർ ഫയൽ ചെയ്യുന്നവർ പിഴ അടയ്‌ക്കേണ്ടി വരും. 5,000 രൂപയാണ് പിഴ എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും എല്ലാ നികുതി ദായകരും പിഴ നൽകേണ്ട ആവശ്യമില്ല.

നിലവിലുള്ള നിയമം അനുസരിച്ച് സമയപരിധി കഴിഞ്ഞതിനാൽ, നികുതിദായകർക്ക് 5,000 രൂപ പിഴ ചുമത്തും. എന്നാൽ ചില വ്യക്തിഗത നികുതിദായകരെ പിഴ അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥ അനുസരിച്ച്, 2.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാൻ വൈകിയാലും പിഴ ഈടാക്കില്ല. പഴയ നികുതി വ്യവസ്ഥയിൽ, ഇളവ് പരിധി നികുതിദായകന്റെ പ്രായത്തെ ആശ്രയിച്ചായിരുന്നു. പഴയ നികുതി വ്യവസ്ഥ അനുസരിച്ച്, 60 വയസ്സ് വരെയുള്ള നികുതിദായകർക്ക് 2.50 ലക്ഷം രൂപയാണ് ഇളവ് പരിധി.

3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള 60 നും 80 നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരും ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ പെടുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കും, സൂപ്പർ സീനിയർ സിറ്റിസണുകൾക്കും, ഇളവ് പരിധി 5 ലക്ഷം രൂപയാണ്. എന്നാൽ ഒരു വ്യക്തിയുടെ വരുമാനം വാർഷിക നികുതി ഇളവ് പരിധിയേക്കാൾ കുറവാണെങ്കിൽപ്പോലും, വ്യക്തികൾ ചില വ്യവസ്ഥകൾക്ക് വിധേയമായി ഐടിആർ ഫയൽ ചെയ്യണം.

ഒരു സാമ്പത്തിക വർഷത്തിൽ ഒരു ബാങ്കിലോ സഹകരണ ബാങ്കിലോ ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി നികുതിദായകൻ ഒരു കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ഐടിആർ ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്.

അതുപോലെ, ഒരു വ്യക്തി തനിക്കോ മാറ്റ് ആർക്കെങ്കിലുമോ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി 2 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ ഐടിആർ ഫയൽ ചെയ്യാൻ ബാധ്യസ്ഥനാണ്. ഒരു വർഷത്തിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വൈദ്യുതി ബില്ലുകൾ അടച്ച വ്യക്തിഗത നികുതിദായകനും ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ നിർബന്ധിതമാണ്.

Top