ലഡാക്ക് സംഘര്‍ഷം; ചൈനീസ് സൈനികരെ വധിച്ചത് ബിഹാര്‍ റെജിമെന്റും ഘാതക് പ്ലറ്റൂണും

ഡാക്ക് സംഘര്‍ഷത്തില്‍ ചൈനീസ് ഭാഗത്ത് കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം നല്‍കിയത് 16 ബിഹാര്‍ റെജിമെന്റിലെ സൈനികരും ‘ഘാതക് പ്ലറ്റൂണും’എന്ന് റിപ്പോര്‍ട്ട്.

തോക്കുകള്‍ ഉപയോഗിക്കാതെ കായികമായാണ് ഇവര്‍ ചൈനീസ് ഭാഗത്ത് നാശം വിതച്ചത്. ബിഹാര്‍ റജിമെന്റിലെയും പഞ്ചാബ് റെജിമെന്റിലെയും ഘാതക് പ്ലറ്റൂണുകളും രംഗത്തെത്തിയിരുന്നു. രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ വരെ മൂന്നു തവണയാണ് ഇരുവിഭാഗങ്ങളിലെയും സൈനികര്‍ ഏറ്റുമുട്ടിയത്.

അത്യാധുനിക യുദ്ധരീതികളില്‍ കേട്ടുകേള്‍വിയില്ലാത്ത യുദ്ധതന്ത്രങ്ങളാണ് ഇരുകൂട്ടരും നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് ഭാഗത്ത് ഇന്ത്യന്‍ സൈനികര്‍ ഭീതിയഴിച്ചുവിടുകയായിരുന്നു. നിരവധി ചൈനീസ് സൈനികര്‍ക്ക് ജീവഹാനിയുണ്ടായി. തങ്ങളുടെ കമാന്‍ഡിങ് ഓഫിസര്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചതോടെ കനത്ത തരിച്ചടിയാണ് ഇന്ത്യന്‍ സൈനികര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അറുപതോളം ഇന്ത്യന്‍ സൈനികരാണ് മണിക്കൂറുകള്‍ നീണ്ട തിരിച്ചടിക്കു നേതൃത്വം നല്‍കിയത്.

പട്‌നയിലെ ധനപുര്‍ കന്റോണ്മെന്റിലാണ് ബിഹാര്‍ റെജിമെന്റല്‍ സെന്റര്‍. രാജ്യത്തെ ഏറ്റവും പഴക്കമുള്ള കന്റോണ്മെന്റ് ആണിത്. ഇന്ത്യന്‍ നാവികസേനയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമാണ്. ഈ റെജിമെന്റിന്റെ ചരിത്രം ബ്രിട്ടിഷ് ഇന്ത്യന്‍ ആര്‍മിയിലാണ് ആരംഭിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ സൈന്യത്തിലെ ഓരോ ഇന്‍ഫെന്ററി ബറ്റാലിയനിലും പ്രത്യേകമായി സജ്ജമാക്കുന്നതാണ് ഘാതക് പ്ലറ്റൂണ്‍. ജനറല്‍ ബിപിന്‍ ചന്ദ്ര ജോഷിയാണ് ഈ പേര് നല്‍കിയത്. ശത്രുക്കള്‍ക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാന്‍ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ആണിവര്‍. യുഎസ് മറൈന്‍ കോര്‍പ്‌സിലെ സ്‌കൗട്ട് സ്‌നിപ്പര്‍ പ്ലറ്റൂണ്‍, എസ്ടിഎ പ്ലറ്റൂണ്‍ എന്നിവയ്ക്കു സമാനമാണിത്. ശക്തരായ 20 കമാന്‍ഡോമാര്‍, ഒരു കമാന്‍ഡിങ് ക്യാപ്റ്റന്‍, രണ്ട് നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍, സ്‌നിപ്പര്‍ ടീമുകള്‍, ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, റേഡിയോ ഓപ്പറേറ്റര്‍, ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്നതാണ് ഒരു ഘാതക് പ്ലറ്റൂണ്‍.

Top