മുട്ടില്‍ മരം മുറി കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

High court

വയനാട്: വയനാട് മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളിലൊരാളായ റോജി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം റവന്യൂ വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ താന്‍ ബലിയാടായതാണെന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ, വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതികള്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ പ്രതികള്‍ മുറിച്ച് കടത്തിയത് കോടിക്കണക്കിന് രൂപയുടെ മരങ്ങളാണെന്നും അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ 43 കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

റോജി അഗസ്റ്റിന് ഇടക്കാല ജാമ്യംഅനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും കോടതി ഇതിനോടൊപ്പം പരിഗണിക്കും. സംസ്ഥാനത്തെ പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.

Top