KN BALAGOPAL STATEMENT AGAINST BJP

കൊല്ലം: രാജ്യത്തു രാഷ്ട്രീയ നയങ്ങള്‍ നടപ്പാക്കാന്‍ ദളിതരെയും മതന്യൂനപക്ഷങ്ങളെയും ബിജെപി വേട്ടയാടുകയാണെന്നു സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍.

പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ ദളിത് വേട്ടയ്‌ക്കെതിരെ നടത്തിയ പോസ്റ്റോഫീസ് ധര്‍ണ ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക അസമത്വവും ജീവിത ദുരിതങ്ങളും മുമ്പെന്നത്തേക്കാളും രാജ്യത്ത് വര്‍ധിച്ചിരിക്കുകയാണ്. ഇത് മറച്ചുവച്ച് മധ്യപ്രദേശിലും യുപിയിലുമെല്ലാം വര്‍ഗ്ഗീയത ഇളക്കിവിട്ട് വോട്ട് തട്ടാനാണ് ശ്രമം.

ലോകത്ത് ഏറ്റവും അധികം തുകല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മൃഗങ്ങളുടെ തോലുരിക്കുന്നത് തൊഴിലിന്റെ ഭാഗമാണ്.

കോടിക്കണക്കിന് രൂപയുടെ ഇറച്ചി കയറ്റുമതി നടത്തുന്നതും നമ്മുടെ രാജ്യമാണ്. ഏറ്റവും വലിയ ഇറച്ചികയറ്റുമതിക്കാരന്‍ തന്നെ ബിജെപി നേതാവാണെന്ന വാര്‍ത്തയും വന്നുകഴിഞ്ഞു.

എന്നിട്ടും പശുവിന്റെ പേരില്‍ ദളിതരെ വേട്ടയാടുകയാണ്. ഇതിനെതിരെ ഗുജറാത്തിലടക്കം വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദ് ബേക് പട്ടേലിന്റെ നാട്ടിലും മോദിയുടെ സ്വന്തം ജില്ലാ പഞ്ചായത്തിലും എല്ലാം ബിജെപി പരാജയപ്പെടുകയാണ്.

സി കെ ജാനുവും വെള്ളാപ്പള്ളിയുമടക്കമുള്ള 108 സംഘടനകളെ കൂട്ടുപിടിച്ചാണ് ഹിന്ദുത്വ രാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ബിജെപിയുടെ കെണിയില്‍ വീഴുന്നവരെ ശരിയായ ദിശയിലേക്ക് നയിക്കാനും നമുക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാപ്രസിഡന്റ് ഡി ജയകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ജി സുന്ദരേശന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി തങ്കപ്പന്‍, എ ശ്രീധരന്‍മാസ്റ്റര്‍, ആശ, ജില്ലാകമ്മിറ്റി അംഗങ്ങളായ പുഷ്പരാജന്‍, കെ സി നാരായണന്‍, സി അച്യുതന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Top