ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇടതുപക്ഷ സമരത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശിച്ച് കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇടതുപക്ഷ സമരത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോണ്‍ഗ്രസിന് ഇരയ്ക്കൊപ്പവും വേട്ടക്കാരന് ഒപ്പവും നില്‍ക്കുന്ന നിലപാടാണ്. കേന്ദ്രത്തിനെതിരെയാണ് സമരം ചെയ്യേണ്ടത്. കേന്ദ്ര നിലപാട് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ബാധിക്കുന്നു. എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പറയുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ അജണ്ട എന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.

പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരം യഥാര്‍ത്ഥ കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സമരമാണെന്നും മന്ത്രി വിമര്‍ശിച്ചു. ബിജെപിയും കോണ്‍ഗ്രസിന് ഒപ്പം ഈ സമരം ചെയ്യുന്നുണ്ട്. സമരത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു. ജനുവരി 24നാണ് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിന് സര്‍ക്കാര്‍ സഡയ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് പുറത്ത് കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് ആണ് എടുക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിനെതിരെ ശക്തമായി സംസാരിച്ചിരുന്നു. ചിദംബരവും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് എടുത്തു. എന്നാല്‍ കേരളത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസിന് മറ്റൊരു നിലപാടാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Top