കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി വീണ സംഭവം; നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര്‍.എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി ഇളകിവീണ് സിനിമാ താരം അര്‍ച്ചന കവിയുടെ കാറിന് തകരാറ് പറ്റിയതിനെക്കുറിച്ച് പ്രതികരണവുമായി കെ.എം.ആര്‍.എല്‍. തകരാറ് സംഭവിച്ച കാറിന് നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര്‍.എല്‍. പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെട്രോ റെയില്‍ എം.ഡി. മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിര്‍ദേശിച്ചു. കൊച്ചി മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് വരേയുള്ള ഭാഗത്ത് വിശദമായ പഠനം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൂടാതെ ഡല്‍ഹി മെട്രോ റെയിലിനേ സംഭവത്തെപ്പറ്റി ധരിപ്പിച്ചിട്ടുമുണ്ട്.

വ്യാഴാഴ്ച കൊച്ചി മുട്ടത്തുവച്ചാണ് അര്‍ച്ചന കവി സഞ്ചരിച്ച കാറിലേക്ക് മെട്രോയുടെ കോണ്‍ക്രീറ്റ്പാളി ഇളകി വീണത്. തുടര്‍ന്ന് നടി സംഭവം ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് കെ.എം.ആര്‍.എല്‍.അധികൃതര്‍ വ്യാഴാഴ്ച തന്നെ പരിശോധന നടത്തുകയും മെട്രോയുടെ വലിയ പാലത്തില്‍ നിന്നും പാളികള്‍ അടര്‍ന്നുവീണതായി കണ്ടെത്തുകയും ചെയ്തു.

Top