കെ എം ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാം ; ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീംകോടതി

ഡല്‍ഹി : തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തില്‍ അയോഗ്യനാക്കിയ അഴീക്കോട് എംഎല്‍എ കെ എം ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന മുന്‍ ഉത്തരവ് അവര്‍ത്തിച്ച് സുപ്രീംകോടതി. എന്നാല്‍, ശമ്പളം, അനൂകൂല്യങ്ങള്‍, എന്നിവ കൈപ്പറ്റാന്‍ കഴിയില്ലെന്നും നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ കെ എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. കെ എം ഷാജിക്ക് എംഎല്‍എ ആയി നിയമസഭയില്‍ പങ്കെടുക്കാം. വോട്ടവകാശം ഉണ്ടായിരിക്കില്ല. ആനുകൂല്യങ്ങളും കൈപറ്റാന്‍ പാടില്ല എന്നിവയാണ് സുപ്രീം കോടതി നേരത്തെ മുമ്പോട്ട് വെച്ച ഉപാധികള്‍. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. സമ്പൂര്‍ണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎല്‍എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. അമുസ്ലിമിന് വോട്ടുചെയ്യരുതെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുസ്ലീമായ ഷാജിക്ക് വോട്ടുചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖയാണ് മതധ്രുവീകരണം നടത്തിയതിന് കോടതി തെളിവായി സ്വീകരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് നല്‍കിയത്.

Top