പരാമര്‍ശം അപലപനീയമാണ്, കെ എം ഷാജി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം; പി കെ ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മുസ്ലിംലീഗ് നേതാവ് കെഎം ഷാജി നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചര്‍. പരാമര്‍ശം അപലപനീയമാണ്. നിരുപാധികം പിന്‍വലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. മലപ്പുറം കുണ്ടൂര്‍ അത്താണി മുസ്ലീം ലീഗ് സമ്മേളന വേദിയിലാണ് മന്ത്രി വീണാ ജോര്‍ജ്ജിനെതിരായ കെഎം ഷാജിയുടെ അധിക്ഷേപം.

ഒരു ആരോഗ്യമന്ത്രിയ്‌ക്കെതിരെയെന്നല്ല ഒരു സ്ത്രീയെ ഇങ്ങനെ പൊതു മധ്യത്തില്‍ അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ.എം ഷാജിയുടെ അധിക്ഷേപം.

ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നതെന്നും ഷാജി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പികെ ശ്രീമതി രംഗത്തെത്തിയിരിക്കുന്നത്.

Top