കുഞ്ഞാലിക്കുട്ടിക്കെതിരെ ‘ഒളിയമ്പ് ‘എയ്ത് കെ.എം ഷാജി എം.എൽ.എ !

നാദാപുരം: അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും, അധികാരം വിട്ടൊഴിയാൻ ധൈര്യമുള്ളവൻ മാത്രമേ അധികാരത്തിൽ ശോഭിക്കാൻ സാധിക്കൂവെന്നും കെ.എം. ഷാജി എം.എൽ.എ. അധികാരം ഇല്ലെങ്കിൽ നിൽക്കാനാകില്ല എന്ന ചിന്ത ലീഗ് നേതാക്കൾക്ക് ഒരിക്കലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജേതാക്കളായവർക്ക് കുമ്മങ്കോട് ഒരുക്കിയ സ്വീകരണത്തിന്റെ ഭാഗമായി നടന്ന യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കലും ജയിക്കലുമല്ല രാഷ്​ട്രീയ ഉത്തരവാദിത്തം.

പുറത്തു നിൽക്കുന്നവനും ഒരുപാട് ഉത്തരവാദിത്തമുണ്ട്. ജനങ്ങൾ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുകയാണ്. ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബും ബനാത്ത് വാലയും പാർലമെൻറിൽ ന്യൂനപക്ഷങ്ങൾക്കുവേണ്ടി നടത്തിയ പോരാട്ടം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.എം.പി സ്ഥാനം രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെയുള്ള പരോക്ഷ വിമർശനമായാണ് കെ.എം ഷാജിയുടെ പ്രസംഗം വിലയിരുത്തപ്പെടുന്നത്. മുസ്ലീം ലീഗിൽ ഇതു സംബന്ധമായി വലിയ ആഭ്യന്തര സംഘർഷമാണ് നിലവിൽ നടക്കുന്നത്. അത് പൊട്ടിത്തെറിയിൽ കലാശിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഒറ്റു നോക്കുന്നത്.

Top