മന്ത്രി വി. അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരിയെന്ന് കെ.എം ഷാജി

താനൂർ: മന്ത്രി വി. അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. താനൂരിൽ പൊലിഞ്ഞ 22 ജീവന് മന്ത്രി മറുപടി പറയണം. തൊഴിലാളി പാർട്ടിയെ പണം കൊടുത്ത് വാങ്ങി മന്ത്രിയായ ആളാണ് വി. അബ്ദുറഹിമാൻ. താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താനൂരിൽ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വി അബ്ദുറഹിമാനെതിരെ മുസ്ലിം ലീഗ് ശക്തമായ വിമർശനവുമായി രംഗത്തുണ്ട്. കടുത്ത ഭാഷയിൽ മന്ത്രിയും സിപിഎമ്മും പ്രതിരോധിക്കുന്നുമുണ്ട്. ബോട്ടപകടത്തിൽ ഉത്തരവാദിത്തം മന്ത്രിക്കും സംസ്ഥാന സർക്കാരിനുമുണ്ടെന്നാണ് ലീഗിന്റെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് നടത്തിയ പ്രതിഷേധ യോഗത്തിൽ താനൂരിൽ മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് കെഎം ഷാജി പറഞ്ഞിരുന്നു. മുസ്ലിം ലീഗിന് സ്വാധീനമുള്ള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യം ഒരുക്കിയത് ലീഗിന്റെ മര്യാദയാണെന്നായിരുന്നു കെ എം ഷാജിയുടെ പരാമർശം. ഇതിനെതിരെ എൽഡിഎഫ് താനൂരിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറുമെന്നാണ് മന്ത്രി വി അബ്ദുറഹിമാൻ മറുപടി നൽകിയത്.

മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാർട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും ആ മുഖ്യമന്ത്രിക്ക് താനൂരിൽ കടന്നുവരാൻ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ്‌ കെഎം ഷാജിയെന്നും മുസ്ലിം ലീഗിനെ തോൽപ്പിച്ചാണ് താനൂരിൽ രണ്ടു തവണ താൻ ജയിച്ചതെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രസംഗത്തിൽ പ്രകോപനപരമായി സംസാരിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പിന്നാലെ ഇന്ന് താനൂരിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിലാണ് അബ്ദുറഹിമാനെതിരെ കെഎം ഷാജി വിമർശനം ഉന്നയിച്ചത്.

Top