KM MANI’S NEW DECISION

km-mani.

പത്തനംതിട്ട :കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുമെന്ന സൂചന നല്‍കി ചെയര്‍മാന്‍ കെ.എം. മാണി.

യുഡിഎഫില്‍നിന്ന് ഒരുപാടു വേദനകള്‍ അനുഭവിച്ചിട്ടുണ്ട്. മുന്നണിയിലെ പരസ്പര വിശ്വാസവും സഹായവും ഇല്ലാതായി.

മുന്നണിയില്‍നിന്നു കിട്ടിയതു നിന്ദയും പീഡനവും മാത്രമാണ്. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും കേരള കോണ്‍ഗ്രസ് സമദൂരത്തിലാണെന്നും മാണി പറഞ്ഞു.

ചരല്‍ക്കുന്നില്‍ പാര്‍ട്ടി സംസ്ഥാന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസിന്റെ വോട്ടു നേടിയാണ് കോണ്‍ഗ്രസ് ജയിച്ചത്. കേരള കോണ്‍ഗ്രസിന് ആരുടേയും പിന്നാലെ പോകേണ്ട കാര്യമില്ല.

നല്ലവഴി ഏതെന്നു വിശദമായി ആലോചിക്കും. തീരുമാനം നാളെയുണ്ടാകും. കേരള കോണ്‍ഗ്രസ് (എം)നെ ആര്‍ക്കും ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല.

ആരും വിരട്ടാന്‍ നോക്കേണ്ട. ആരോടും പകയില്ല. കേരള കോണ്‍ഗ്രസ് തറവാടിത്തമുള്ള രാഷ്ട്രീയ കക്ഷിയാണ്. ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ്.

നല്ല വഴി തുറന്നു കിട്ടിയാല്‍ ആ വഴിക്കു പോകും. എന്നും കസേരയില്‍ ഇരുന്നിട്ടു കാര്യമില്ല. പാര്‍ട്ടി നിര്‍ണായക സാഹചര്യത്തിലാണ്.

എങ്ങോട്ടു പോകണമെന്ന കാര്യത്തില്‍ ധീരമായ നിലപാടു വേണം. നല്ലതു ചെയ്യുന്നവരെ പിന്തുണയ്ക്കും. തെറ്റു ചെയ്യുന്നവരെ എതിര്‍ക്കും. കര്‍ഷകരക്ഷയ്ക്ക് നിലപാടുകളില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്നും മാണി പറഞ്ഞു.

മാണി എല്‍ഡിഎഫില്‍ കണ്ണുവയ്‌ക്കേണ്ടെന്നു പറഞ്ഞ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പരിഹാസം കലര്‍ന്ന മറുപടിയും മാണി നല്‍കി. അപേക്ഷയുമായി ആരുടെയും പിന്നാലെ പോകേണ്ട ആവശ്യം കേരള കോണ്‍ഗ്രസിനില്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും മാണി പറഞ്ഞു.

Top