km mani statement

കോട്ടയം: യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസ്-എമ്മിന്റെ നിലപാടില്‍ ഉറച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി വീണ്ടും രംഗത്ത്.

മുന്നണി വിട്ട വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങളുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണ്. അതേസമയം പി.ജെ.ജോസഫ് പറഞ്ഞത് ശരിയാണെന്നും നിലവില്‍ പാര്‍ട്ടി ഒറ്റയ്ക്ക് നില്‍ക്കാനാണ് തിരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചരല്‍ക്കുന്ന് നേതൃക്യാമ്പില്‍ യുഡിഎഫ് വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണ്. നിലവില്‍ ഒരു മുന്നണിക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല എന്ന നിലപാടില്‍ മാറ്റമില്ല. എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണിത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കേരള കോണ്‍ഗ്രസിനെ വിവിധ കക്ഷികള്‍ അവരുടെ മുന്നണികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നത് സന്തോഷമുള്ള കാര്യമല്ലേ എന്നും കെ.എം.മാണി ചോദിച്ചു.

ഭാവിയില്‍ ഏത് മുന്നണിക്കൊപ്പം നില്‍ക്കുന്ന ചോദ്യങ്ങളോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. കാലാകാലങ്ങളില്‍ വരുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കും നയങ്ങള്‍ക്കും ഒപ്പം പാര്‍ട്ടി നില്‍ക്കുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Top