കെ.എം മാണിയെ അനുസ്മരിച്ച് സഭ ; പകരം വയ്ക്കാനാകാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പതിനാലാം കേരളാ നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. ആദ്യദിനം അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ അനുസ്മരിക്കുകയാണ് സഭ. പകരം വയ്ക്കാനാകാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു കെ.എം.മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കാര്യങ്ങള്‍ ഇത്രമേല്‍ ഗൃഹപാഠം ചെയ്ത് സഭയിലവതരിപ്പിച്ച മറ്റൊരു നേതാവില്ലെന്ന് മാണിയെ അനുസ്മരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എംഎല്‍എമാര്‍ സഭയിലെത്തിയത് നിയുക്ത എംപിമാരായിട്ടാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്.

കേരളാ കോണ്‍ഗ്രസില്‍ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സഭാ സമ്മേളനം നടന്നത്. മാണിയുടെ അഭാവത്തില്‍ മുന്‍നിരയിലെ ഇരിപ്പിടം ഉപനേതാവായ പി ജെ ജോസഫിന് നല്‍കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

കത്ത് തള്ളിക്കൊണ്ട് പാര്‍ട്ടി വിപ്പെന്ന നിലയില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം ആവശ്യപ്പെട്ടായിരുന്നു റോഷി സ്പീക്കര്‍ക്ക് ബദല്‍ കത്ത് നല്‍കിയത്. എന്നാല്‍ നിലവിലെ ഉപനേതാവ് എന്ന നിലയില്‍ മുന്‍ നിരയിലെ സീറ്റ് ജോസഫിന് നല്‍കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു.

Top